കയ്പാണെങ്കിലും വളരെയധികം പോഷകങ്ങൾ നിറഞ്ഞ പച്ചക്കറിയാണ് പാവക്ക. എന്നാൽ പാവക്ക ജ്യൂസ് ഉണ്ടാക്കി കുടിക്കുന്നത് പലവിധ ആരോഗ്യ പ്രശ്നങ്ങളെയും ക്ഷണിച്ചു വരുത്തുമെന്നാണ് വിദഗ്ധർ ഓർമിപ്പിക്കുന്നത്.
ശരീരത്തിന് നല്ലതാണെന്നുള്ള ധാരണയിൽ പലരും പാവക്ക ജ്യൂസ് തയ്യാറാക്കി കുടിക്കാറുണ്ട്. രക്തത്തിലെ ഉയർന്ന ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതിനാൽ പ്രമേഹരോഗികളും പാവക്ക ജ്യൂസ് കുടിക്കാറുണ്ട്. എന്നാൽ വെള്ളം ഒട്ടും ചേർക്കാതെ ഇത് കുടിക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് കുറയുന്ന ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയിലേക്ക് നയിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
യൂട്രസ് ചുരുങ്ങി പോകാനുള്ള സാധ്യത പാവക്ക ജ്യൂസിന്റെ അമിത ഉപയോഗം മൂലം കൂടുമെന്നതിനാൽ ഗർഭകാലത്ത് ഇത് ഉപയോഗിക്കാനേ പാടില്ല. കൂടാതെ അമിതവണ്ണം, ശരീരഭാരം എന്നിവ കുറക്കാൻ കഴിയുമെന്ന ധാരണയിൽ പാവക്ക ജ്യൂസ് കുടിക്കുന്നത് ഛർദി, വയറിളക്കം എന്നിവക്കും കാരണമായേക്കാം. ഒപ്പം, കരൾ വീക്കം, വൃക്കരോഗങ്ങൾ എന്നിവക്കുള്ള സാധ്യതയും കൂടുതലാണ്. പാവക്ക തോരനോ, കറിയോ തയ്യാറാക്കി കഴിക്കുന്നതാണ് എന്നും ഉത്തമം.