കോവിഡ് ജാഗ്രതയുടെ ഭാഗമായി തലസ്ഥാന നഗരിയിലെ ഷോപ്പിംഗ് മാളുകൾ അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാളുകൾ അടക്കണമെന്ന നിർദ്ദേശം ജില്ലാ കളക്ടർ തെറ്റായി പരിമർശിച്ചതാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആരും പുറത്തെറങ്ങരുതെന്ന മനോഭാവം ഇല്ല. ഐടി മേഖലയിലുള്ളവർക്ക് ജാഗ്രത പാലിക്കാം. വേണ്ടി വന്നാൽ വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്താം. വിനോദ സഞ്ചാരികളെ അകറ്റി നിർത്താനോ മാറ്റി നിർത്താനോ ഉള്ള പ്രവണത ഉണ്ടാകരുത്. വർക്കലയിലടക്കം ഉള്ള ടൂറിസ്റ്റുകൾ അവിടെ കഴിയും. സർവകലാശാല ഉൾപ്പടെ പരീക്ഷകൾ ഒഴിവാക്കില്ല.
ജനങ്ങൾക്ക് ബോധവത്കരണം നടത്താൻ മാദ്ധ്യമങ്ങൾക്ക് സാധിച്ചു. ചിലർ നെഗറ്റീവ് ആയി കണ്ടു. മാദ്ധ്യമങ്ങളും ക്രമീകരണങ്ങൾ പാലിക്കണം. ജാഗ്രത പാലിക്കണം. ആശുപത്രികളിലും സമീപങ്ങളിലെയും റിപ്പോർട്ടിംഗ് ഒഴിവാക്കണം. മാദ്ധ്യമപ്രവർത്തകരുടെ മൈക്കും സൂക്ഷിക്കുക. നിരീക്ഷണത്തിലുള്ളവരുടെ ബന്ധുക്കളുടെ പ്രതികരണങ്ങൾ എടുക്കുന്നത് ഒഴിവാക്കുക. രോഗബാധിത മേഖലയിൽ എത്തിയുള്ള റിപ്പോർട്ടിംഗ് ഒഴിവാക്കുക.
ഇതരസംസ്ഥാന ജോലിക്കാർ താമസിക്കുന്നിടത്ത് എത്തി ബോധവത്കരണം നടത്തും. പൊതു പരിപാടികളും കൂട്ടമായി നിൽക്കുന്നതും ഒഴിവാക്കണം. ചിലർ പരിപാടികൾ നടത്തുന്നത് ശരിയല്ല. ആൾക്കൂട്ടം ഒഴിവാക്കാൻ ജില്ലാ ഭരണ കൂടം ഇടപെടണം. ബീച്ചുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഉത്സവങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലുള്ളവർ നല്ല പിന്തുണ നൽകുന്നുണ്ട്. ചിലർ മുഖം തിരിക്കുന്നു. അവരോട് പോലീസ് സംസാരിക്കും.
കെ എസ് ആർ ടിസി ബസുകളടക്കം വൃത്തിയാക്കി ശുചിയാക്കി പുറത്തിറക്കാൻ കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകും. സംസ്ഥാന അതിർത്തിയിലെത്തുന്ന ട്രെയിനുകളിൽ എല്ലാവരേയും പരിശോധിക്കും. ഒരു ടീമിനെ സജ്ജമാക്കി പരിശോധന ശക്തമാക്കും. സംസ്ഥാനത്തെ റോഡുകളിൽ 24 പോയിൻറുകൾ തീരുമാനിച്ചു. എല്ലാ വാഹനങ്ങളിലെയും യാത്രക്കാരെ പരിശോധിക്കും. വിമാനത്താവളങ്ങളുടെ സമീപത്ത് കൊറോണ കെയർ സെൻ്റർ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.