ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നാലാം ഘട്ട ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി . മെയ് 31 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. നാലാം ഘട്ട ലോക്ഡോണിന്റെ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി.
പ്രാദേശിക മെഡിക്കല്‍ ആവശ്യങ്ങള്‍, എയര്‍ ആംബുലന്‍സ് എന്നിവ ഒഴികെയുള്ള വിമാന സര്‍വീസ് ഉണ്ടാകില്ല. സ്കൂളുകള്‍, കോളേജുകള്‍, മറ്റ് പരിശീലന കേന്ദ്രങ്ങള്‍ എന്നിവ തുറക്കില്ല. മെട്രോ റെയില്‍ സര്‍വീസ് അനുവദിക്കില്ല. എല്ലാ സാമൂഹിക,രാഷ്ട്രീയ, കായിക, വിനോദ, മതപരമായ ചടങ്ങുകള്‍ തുടങ്ങിയവക്കും അനുമതി ഇല്ല. ആരാധാനലയങ്ങൾ തുറക്കില്ല. സിനിമ തിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍ , ജിംനേഷ്യം, നീന്തല്‍ക്കുളങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവയും തുറക്കില്ല.
എന്നാൽ സംസ്ഥാനങ്ങളുടെ അനുമതിയോടെ സംസ്ഥാനാന്തര യാത്രക്കും, സംസ്ഥാനത്തിനുള്ളില്‍ നിയന്ത്രണങ്ങളോടെയുള്ള യാത്രയ്ക്കും അനുമതിയുണ്ട്. ഇതിനു പുറമെ, റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു. 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍, 10 വയസില്‍ താഴെ പ്രായമുള്ളവര്‍ എന്നീ ആളുകള്‍ക്ക് പുറത്തിറങ്ങാൻ അണുഅനുമതിയില്ല. എന്നാൽ ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ക്ക് ഇവർക്ക് ഇളവുകൾ നൽകിയിട്ടുണ്ട്. രാത്രി 7 മണി മുതല്‍ രാവിലെ 7 മണി വരെ അവശ്യ സര്‍വീസ് ഒഴികെ സഞ്ചാരത്തിന് നിരോധനം.