കൊറോണ വൈറസ് പടര്‍ന്നു പിടിച്ച ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. ഇന്ന് ഉച്ചയോടെയാണ് ഇറാനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ വന്നിറങ്ങിയത്. മുംബൈയില്‍ ഇറങ്ങിയ യാത്രക്കാരെ ജയ്സാല്‍മറിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് കൊണ്ടു പോകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ഇവരെ സൈനിക താവളത്തിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. 120 ഇന്ത്യക്കാരെ രാജസ്ഥാനിലെ ജയ്സാല്‍മറിലേക്ക് കൊണ്ടുവരുമെന്നും സൈനിക താവളത്തിലെ നിരീക്ഷണ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുമെന്നും പ്രതിരോധ വക്താവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ ഇന്നെത്തിയ വിമാനത്തില്‍ എത്ര പേരുണ്ടെന്ന വിവരം അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.
ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനുള്ള നടപടികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിലെ വിവിധ മേഖലകളിലായി ആറായിരത്തിലധികം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിദേശകാര്യമന്ത്രി അറിയിച്ചത്.