ന്യൂഡല്‍ഹി: കോവിഡ് -19 വൈറസ് വ്യാപകമായി പടരുന്ന ഇറാനിലെ ടെഹ്റാനിൽ നിന്ന് 58 ഇന്ത്യക്കാരെ തിരികെയെത്തിച്ചു. ഇന്ന് രാവിലെയാണ് ഇവരെ ഗാസിയാബാദിലെ വ്യോമസേന വിമാനത്താവളത്തില്‍ എത്തിച്ചത്. ഇവരെ നിരീക്ഷണത്തിനായി ആശുപത്രികളിലേക്ക് മാറ്റും. ഇന്ത്യന്‍ വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്.
വിംഗ് കമാന്‍ഡര്‍ കരണ്‍ കപൂറിന്റെ നേത്യത്വത്തില്‍ 14 വ്യോമസേനാ ഉദ്യോഗസ്ഥരും 4 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെട്ട സംഘം ഇന്നലെയാണ് ടെഹ്റാനിലേക്ക് പുറപ്പെട്ടിരുന്നത്. ഫെബ്രുവരി 26 ന് ചൈനയിലെ വുഹാനിൽ നിന്ന് 76 ഇന്ത്യക്കാരെയും 36 വിദേശികളെയും ഗ്ലോബ് മാസ്റ്റര്‍ ഇന്ത്യയിലെത്തിച്ചിരുന്നു. ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ മെഡിക്കല്‍ ടീം എന്നിവരുടെ സേവനങ്ങള്‍ക്കും ഇറാനിയന്‍ അധികൃതരുടെ സഹകരണത്തിനും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നന്ദി അറിയിച്ചു.