മനാമ: ബഹറിനിൽ കോവിഡ് -19 രോഗബാധ 260 ഇന്ത്യക്കാർക്ക് സ്ഥിരീകരിച്ചു. ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ ആറ് ഇന്ത്യൻ പ്രവാസികളിലാണ് രോഗം ഭേദമായിരിക്കുന്നത്.
ലേബർ ക്യാമ്പുകളിലെ ജീവിത സാഹചര്യം വിദേശ തൊഴിലാളികൾക്കിടയിൽ രോഗം പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം വിവിധ ലേബർക്യാമ്പുകളിൽ നടത്തിയ പരിശോധനയിൽ നിരവധി പ്രവാസികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പ്രവാസി തൊഴിലാളികളെ സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചുകൊണ്ടുള്ള അഭയ പദ്ധതി പരിഗണനയിലുണ്ട്. ബഹറിനിൽ ഇന്ന് 23 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 1019 പേരാണ് ബഹറിനിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. 741 പേർ രോഗ മുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്. ഏഴ് പേർ കോവിഡ് ബാധിതരായി മരണപ്പെട്ടു. 82561 പേരെ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുകയാണ്.