തലസ്ഥാനത്ത് ഇന്ന് കൊറോണ രോഗം സ്ഥിരീകരിക്കപ്പെട്ട ഡോക്ടര്‍ വൈറസ് ബാധയുമായി എത്തിയത് സ്പെയിനില്‍ നിന്ന്. ഗവ. മെഡിക്കല്‍ കോളേജ് സമുച്ചയത്തിലെ ഉന്നത ഗവേഷണ- ചികിത്സാ സ്ഥാപനത്തില്‍ സീനിയര്‍ ഡോക്ടര്‍ ആയ ഇദ്ദേഹം മാര്‍ച്ച് രണ്ടിന് സ്പെയിനില്‍ നിന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേഷം ഏഴു മുതല്‍ 11 വരെ തീയതികളില്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നതായും, ഈ ദിവസങ്ങളില്‍ നിരവധി രോഗികളെ പരിശോധിച്ചിരുന്നതായും തിരിച്ചറിഞ്ഞതോടെ, ഈ കാലയളവില്‍ ഡോക്ടറുടെയടുത്ത് ചികിത്സ തേടിയിരുന്നവരെ കണ്ടെത്താന്‍ രാത്രി തന്നെ ആരോഗ്യ വകുപ്പ് അധികൃതര്‍ നടപടി തുടങ്ങി.
കൊറോണ വൈറസ് പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെ അടിയന്തരമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി കൊറോണ ഐസൊലേഷനു വിധേയനാകണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. രാത്രിയോടെ ഇയാള്‍ വാര്‍ഡില്‍ എത്തിയതായാണ് ആരോഗ്യ വകുപ്പ് നല്കുന്ന വിവരം.
മെഡിക്കല്‍ ക്യാമ്ബില്‍ പങ്കെടുക്കാന്‍ സ്പെയിനിലേക്കു പോയിരുന്ന ഡോക്ടര്‍ മടങ്ങിയെത്തിയപ്പോള്‍ നേരിയ പനിയും അനുബന്ധ രോഗലക്ഷണങ്ങളും ഉണ്ടായിരുന്നു. തുടര്‍ന്ന്, വിമാനത്താവളത്തില്‍ വച്ചുതന്നെ ഇയാളോട് വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ തുടരാന്‍ (ഹൗസ് ക്വാറന്റൈന്) നിര്‍ദ്ദേശിച്ചെങ്കിലും നാലു ദിവസത്തിനു ശേഷം ഡോക്ടര്‍ ഡ്യൂട്ടിക്ക് എത്തുകയായിരുന്നു. പിന്നീടുള്ള അഞ്ചു ദിവസവും ആശുപത്രിയിലെത്തി രോഗികളെ പരിശോധിക്കുകയും ചികിത്സയുമായി ബന്ധപ്പെട്ട ജോലികള്‍ നിര്‍വഹിക്കുകയും ചെയ്തു. ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന ഏഴു ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. ഡോക്ടറുടെ വീട്ടുകാരെയും അദ്ദേഹവുമായി ഈ ദിവസങ്ങളില്‍ അടുത്ത് ഇടപഴകിയവരെയും നിരീക്ഷിച്ചു വരികയാണ്.
മാര്‍ച്ച് രണ്ടിന് വിമാനത്താവളത്തില്‍ വച്ചുതന്നെ ഡോക്ടറുടെ രക്തസാമ്ബിള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചിരുന്നു.ഇതിന്റെ ഫലം പതിനൊന്നിന് എത്തിയതോടെയാണ് രണ്ടാംഘട്ട പരിശോധനയ്ക് നിര്‍ദ്ദേശിച്ചത്. അപ്പോഴേക്കും ഡോക്ടര്‍ക്ക് രോഗബാധയുടെ പ്രകട ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. രണ്ടാംഘട്ട പരിശോധനയിലും ഫലം പോസിറ്റീവ് ആയതോടെയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ഇന്ന് വിവരം പുറത്തുവിട്ടത്. ഡോക്ടര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ദിവസങ്ങളില്‍ ഈ വിഭാഗത്തില്‍ ചികിത്സ തേടിയവരുടെയും ഒപ്പമുണ്ടായിരുന്നവരുടെയും മൊബൈല്‍ നമ്ബറുകള്‍ ശേഖരിച്ച് രാത്രിതന്നെ ഇവരെ വിവരം അറിയിക്കുകയും, അടിയന്തര പരിശോധനകള്‍ക്ക് എത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.