സംസ്ഥാനത്ത് 14 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നൂറുകണക്കിന് ആള്‍ക്കാരാണ് കോള്‍സെന്ററിലേക്ക് വിളിക്കുന്നത്. ചിലര്‍ക്ക് ഫോണ്‍ കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്. ഇത് പരിഹരിക്കാന്‍ കൂടിയാണ് 6 ഹെല്പ് ലൈന്‍ നമ്പരുകള്‍ സജ്ജമാക്കിയത്. പൊതുജനങ്ങള്‍ക്ക് കോവിഡ് 19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252, 0471 2309253, 0471 2309254, 0471 2309255 എന്നീ കോള്‍ സെന്ററിലെ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.
ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 21 പേരാണ് കോള്‍സെന്ററില്‍ 24 മണിക്കൂറും ഷിഫ്റ്റടിസ്ഥാനത്തില് സേവനമനുഷ്ഠിക്കുന്നത്. പരിശീലനം സിദ്ധിച്ച ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലേയും എന്‍.എച്ച്.എമ്മിലേയും പബ്ലിക് ഹെല്‍ത്ത് ട്രെയിനിംഗ് സ്കൂളിലേയും ജീവനക്കാര്‍, നഴ്സിംഗ് കോളേജ്, ജെ.എച്ച്.ഐ. ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് കോള്‍സെന്ററില്‍ സേവനമനുഷ്ഠിക്കുന്നത്. 54 പേര്‍ക്കാണ് പരിശീലനം നല്കി സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നത്.