മനാമ: സഹജീവികൾക്ക് ഒരു കൈത്താങ്ങ് എന്ന ആപ്തവാക്യവുമായി പ്രവർത്തിക്കുന്ന ബഹറിൻ ഡിഫറൻറ് തിങ്കേഴ്സ് കൂട്ടായ്മ ‘സ്നേഹനിലാവ് കലാസന്ധ്യ – 2019’ എന്നപേരിൽ നൃത്ത സംഗീത നിശ സംഘടിപ്പിച്ചു. മഹാത്മാ ജനസേവനകേന്ദ്രത്തിനായി സംഘടിപ്പിച്ച ഈ കലാസന്ധ്യ മനാമ അൽരാജ സ്കൂളിൽ വച്ചാണ് നടന്നത്. പരിപാടിയുടെ ഉദ്ഘാടനം മുഹമ്മദ് സാക്കി നിർവഹിച്ചു. സാമൂഹികപ്രവർത്തകൻ സലാം മമ്പാട്ടുമൂലയെ ചടങ്ങിൽ ആദരിച്ചു.
പരിപാടിയിലൂടെ സമാഹരിച്ച തുക പൂർണമായും പത്തനംതിട്ടയിലെ അടൂരിലുള്ള മഹാത്മാ ജനസേവനകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കായി സമർപ്പിച്ചു. മഹാത്മാ ജനസേവനകേന്ദ്രത്തിൻറെ പ്രതിനിധി അനൂപ് ചന്ദ്രന് ബഹറിൻ ഡിഫറൻറ് തിങ്കേഴ്സ് അംഗങ്ങൾ തുക കൈമാറി. നിർധനരായ രോഗികൾക്ക് ചികിത്സാ സഹായത്തിനായി ഗാനമേളകൾ നടത്തുന്ന ഗായിക പ്രിയ അച്ചു, നടിയും നർത്തകിയുമായ സ്വാസിക, രഞ്ജിത്ത് ചാലക്കുടി എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. ബഹറിനിൽ നിന്നുള്ള കലാകാരന്മാരുടെ വിവിധ കലാപരിപാടികളും ഇതോടൊപ്പം നടന്നു.